[0:07]സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്. സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവൻ മാത്രം. സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും വിഭിന്നം. സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദർശിനിയും. മഹാനായ കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകൾ. പൗരസ്ത്യരും പാശ്ചാത്യരും ഒരുപോലെ ആദരിക്കുന്ന അദ്ധ്യാത്മക ചിന്തകനും സൂഫി കവിയുമായിരുന്നു ജലാലുദ്ദീൻ മുഹമ്മദ് ബിൻ മുഹമ്മദ് ഹുസൈൻ അൽ റൂമി. ഇസ്ലാമിക ലോകത്ത് മാത്രമല്ല പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാൻ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർപീസായ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനായ ഈ സൂഫി ദാർശനികന്റെ പാശ്ചാത്യ ലോകത്തെ സ്വീകാര്യതക്ക് ഉദാഹരണമാണ് 2007-ൽ അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കവിയായി തിരഞ്ഞെടുത്തത്. 1207 സെപ്റ്റംബർ 30-ന് ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ബൽഖ് ദേശത്ത് ജനിച്ചു. പിതാവ് ആദരിക്കപ്പെടുന്ന സൂഫി പണ്ഡിതനായിരുന്ന ബഹാഉദ്ദീൻ വലത്. 1215-നും 1220-നും ഇടയിൽ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു. പിതാവിന്റെ ലക്ഷ്യം ഹജ്ജായിരുന്നു. യാത്ര ആരംഭിച്ചപ്പോൾ കുടുംബത്തെയും അദ്ദേഹം കൂട്ടി. അങ്ങനെ ചെറുപ്പത്തിൽത്തന്നെ റൂമി യാത്ര ആരംഭിച്ചു. കൊച്ചു ദർവീഷിന്റെ ആദ്യ സഞ്ചാരം. ഹജ്ജിനു ശേഷവും യാത്ര തുടർന്നു. റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്നത്തെ തുർക്കിയിലാണ് നീണ്ട വർഷങ്ങൾക്കൊടുവിൽ ആ യാത്ര അവസാനിച്ചത്. കറമാൻ എന്ന സ്ഥലത്ത് ആ കുടുംബം ഏഴു വർഷം താമസിച്ചു. അതിനിടെ റൂമിയുടെ ഉമ്മയും സഹോദരനും മരണപ്പെട്ടു. അന്നത്തെ സുൽത്താൻ അലാഉദ്ദീൻ ഖൈബൂദിന്റെ ക്ഷണപ്രകാരം ബഹാഉദ്ദീൻ വലത് തുർക്കിയിലെ അനത്തോലിയുടെ ഭാഗമായ കോനിയയിൽ സ്ഥിരതാമസമാക്കി. 1228 മെയ് 1-നായിരുന്നു അത്. പിന്നീട് റൂമി തന്റെ മരണംവരെ കോനിയയിൽത്തന്നെ താമസിച്ചു. റൂമിയിലെ പ്രതിഭ പടർന്നു പന്തലിച്ചതിവിടെയാണ്. ദർവീഷിന്റെ മസ്നവി അണപൊട്ടി ഒഴുകിയതും ഇവിടെത്തന്നെ. പിതാവിന്റെ സുഹൃത്തായിരുന്ന ഷെയ്ഖ് ബുർഹാനുദ്ദീൻ മുഹഖ്വിഖ് ഒരിക്കൽ റൂമിയെ തേടി കോനിയയിലെത്തി. അദ്ദേഹം അതിരറ്റ് സന്തോഷിച്ചു. ഷെയ്ഖിന്റെ കൈ പിടിച്ചു ബൈഅത്ത് ചെയ്തു. ഒമ്പത് വർഷം ആ ബന്ധം തുടർന്നു. ഹിജ്റ 637-ൽ ഷെയ്ഖ് ബുർഹാനുദ്ദീൻ വഫാത്തായി. അദ്ദേഹത്തിന്റെ മരണശേഷം റൂമി സിറിയയിലേക്കും അലപ്പോയിലേക്കും മറ്റും ആത്മീയ ബന്ധങ്ങൾ തേടി യാത്ര ചെയ്തു. അവിടെ അന്ന് പ്രശസ്തരായ പല സൂഫിവര്യന്മാരെയും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. അവർ അദ്ദേഹത്തെ ഏറെ സ്വാധീനിക്കയുണ്ടായി. കോനിയയിൽ തിരിച്ചെത്തിയ റൂമി തന്റെ പർണ്ണശാല ഉയർത്തി. ഏറെ വൈകാതെ പഠിതാക്കളെക്കൊണ്ട് പർണ്ണശാല നിറഞ്ഞു കവിഞ്ഞു. ആയിടെ ഷെയ്ഖ് ഇബ്നു അറബി മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ പലരും വൈകാതെതന്നെ കോനിയയിൽ എത്തുകയും വലിയ വിജ്ഞാന കേന്ദ്രങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്തു. തുടർന്ന് റൂമിക്ക് മുന്നിൽ മറ്റൊരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ദിവ്യപ്രേമത്തിന്റെയും ഇഷ്കിന്റെയും സുൽത്താനായ ഷെയ്ഖ് ശംസ് തബ്രീസി. മഹത്തായ ഒരു സമാഗമമായിരുന്നു അത്. ക്രമേണ റൂമിയിൽ വന്ന ധ്യാനാത്മകമായ അനുഭൂതിയുടെ ഏകാന്തത ഉൾക്കൊള്ളാനാകാതെ ജനങ്ങൾ ഷെയ്ഖ് തബ്രീസിനെതിരെ തിരിഞ്ഞു. അവസാനം ശംസ് തബ്രീസി നാടുവിട്ടു. റൂമിയുടെ അഭ്യർത്ഥനമാനിച്ച് കാലങ്ങൾക്കുശേഷം തിരിച്ചുവന്നു. 1247-ൽ തബ്രീസി കൊല്ലപ്പെട്ടു. റൂമിയുടെ ഹൃദയം പിടച്ചു. ഗുരുവിരഹത്തിൽ ദുഃഖിച്ച് അദ്ദേഹം ദിനരാത്രങ്ങൾ തള്ളി നീക്കി. പിന്നീട് റൂമി സ്വയം അനുരാഗത്തിന്റെ വാതിൽ തുറക്കുകയായി. ദിവ്യപ്രേമത്തിന്റെ അനശ്വര കീർത്തനങ്ങളായി ആ ഹൃദയതാളം ഒഴുകി തുടങ്ങി. തന്റെ നഷ്ടപ്പെട്ട ഗുരുവിനെ തേടി യാത്ര ആരംഭിച്ചു. ഷെയ്ഖ് സലാഹുദ്ദീൻ സർക്കോബി എന്ന പുതിയൊരു സുഹൃത്തിനെ ആ യാത്രയിൽ മഹാൻ കണ്ടെത്തി. പത്ത് വർഷങ്ങൾ നീണ്ട ആ ആത്മീയ ബന്ധം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു. റൂമിയുടെ സ്നേഹപ്രപഞ്ചം ലോകമറിഞ്ഞത് ഇത്തരം ഗുരുക്കന്മാരിലൂടെയായിരുന്നു. ഒരിക്കൽ ഹുസാമുദ്ദീൻ റൂമിയോട് ചോദിച്ചത്രേ അത്താറിനെയും സനായിയെയും പോലെ താങ്കൾക്കും തൂലിക ചലിപ്പിച്ചുകൂടെ. നിമിഷങ്ങൾക്കകം അദ്ദേഹം ഒരു കഷ്ണം കടലാസെടുത്ത് നീട്ടി. മനോഹരമായി കോർത്ത 18 വരി കവിത. രണ്ടുപേരെയും വെല്ലുന്ന അവതരണം. മസ്നവി ചെപ്പ് തുറന്നത് ഇങ്ങനെയായിരുന്നു. റൂമി ഈ ലോകത്തോട് വിടപറയുമ്പോൾ ഏതാണ്ട് 3500 സങ്കീർത്തനങ്ങളും 2000 ശ്ലോകങ്ങളും ഉണ്ടായിരുന്നു. അതാണ് പിന്നീട് മസ്നവിയായി അറിയപ്പെട്ടത്. 1273-ൽ 66-ആം വയസ്സിൽ മരിക്കുകയും പിതാവിന്റെ ഖബറിനടുത്ത് മറചെയ്യപ്പെടുകയും ചെയ്തു. ഹരിത ശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൗഢിയാർന്ന കുടീരം അവിടെ നിലകൊള്ളുന്നു. മസ്നവി എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി മാനവിയാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം. ആത്മീയ ജ്ഞാന ഈരടികൾ എന്നാണ് പേരിന്റെ അർത്ഥം. ആറു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്. ഖുർആൻ, ഹദീസ്, ബൈബിൾ, ഈസോപ്പ് കഥകൾ, പഞ്ചതന്ത്രം തുടങ്ങിയ വൈവിധ്യമാർന്ന സ്രോതസ്സുകളിൽ നിന്നുള്ള കഥകളും സംഭവങ്ങളും സരോപദേശം നൽകാനായി പുനർനിർമ്മിച്ചു കൊണ്ടുള്ള ഒരു അപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്. 50,000 വരികളുള്ള മസ്നവി മാനവി പേർഷ്യൻ ഒട്ടോമൻ സാഹിത്യത്തിൽ ഉപയോഗിച്ചിപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലെയും സൂഫി സാഹിത്യത്തിലെയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു. 43 വർഷംകൊണ്ട് എഴുതിത്തീർത്ത ഈ ഇതിഹാസ കാവ്യത്തെക്കുറിച്ച് എല്ലാ മതങ്ങളുടെയും താഴ്വേരായ മൂലവേര് എന്നാണ് റൂമി വിശേഷിപ്പിച്ചത്. മനുഷ്യജീവിതം മൂന്ന് ഘട്ടങ്ങളാണെന്നും ഒന്നാം ഘട്ടത്തിൽ അവൻ ഭൗതിക വസ്തുക്കളെയോ സൃഷ്ടികളെയോ ആരാധിച്ചു തുടങ്ങുമെന്നും തുടർന്ന് അവൻ ദൈവത്തെ ആരാധിക്കാൻ തുടങ്ങുമെന്നും ഇതിൽ നിന്നും പുരോഗമിച്ച് മൂന്നാം ഘട്ടത്തിൽ അവൻ ആരാധിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയാതെ അവൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞു തുടങ്ങുമെന്നും അതോടെ അവന്റെ അസ്ഥിത്വം ഇല്ലാതായി ദൈവാസ്ഥിത്വം മാത്രമായി മാറുമെന്നും റൂമി സിദ്ധാന്തിച്ചു. റൂമി അടിമത്വത്തെയും ബഹുഭാരത്യത്തെയും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത സാമൂഹിക ജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും എല്ലാ രൂപങ്ങളെയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പര ബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു. റൂമിയുടെ ചിന്തകൾ തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡന്റ് കമാൽ അത്താ തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മൗലവി ദൈവദർശനം പരമ്പരാഗത അറബി ദൈവവിശ്വാസത്തിന്റെ മൗലിക ചട്ടക്കൂട്ടിൽ നിന്നും അയഞ്ഞതും തുർക്കികൾക്ക് ചേർന്നതുമാണെന്നതുമായിരുന്നു. എന്നിരുന്നാലും 1925-ൽ മൗലവികളുടെ അടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരിക സംഘടനയായി പ്രവർത്തിക്കാൻ മൗലവികൾക്ക് സർക്കാർ അനുവാദം നൽകിയത്.

"ജലാലുദ്ദീൻ റൂമി"| Jalaludheen Rumi | Sufism | History Videos | World of History | Sabeer.s
sabeersays
7m 30s599 words~3 min read
Auto-Generated
Watch on YouTube
Share
MORE TRANSCRIPTS


